കഥകളി

മരിച്ചുകിടക്കുന്നവർ
വെറുതെ നീണ്ടുനിവർന്നു കിടക്കുകയൊന്നുമല്ല
കണ്ണുകൾ കൂമ്പി കൈകൾ നെഞ്ചിൽ പിണച്ച് ഒരു ധ്യാനഭാവം

ചുറ്റുമുള്ളവർ ഒരോർമ്മയിൽ
തല താഴ്ത്തി നിൽക്കുന്നതും ഒരു മുദ്രയാണ്

കഥ ഏതാണെന്നൊന്നും ചോദിക്കരുത്
ഓരോരുത്തരും ഓരോ ലോകമാണ്
കഥകളും സ്വകാര്യമാവാം
പല കാലങ്ങള്‍ പല ഇടങ്ങള്‍

നിശ്ചല ദൃശ്യങ്ങളുടെ ഘോഷയാത്ര
നടന്നു പഠിക്കാന്‍ നീണ്ടുവരുന്ന ഒരു വിരല്‍ത്തുമ്പ്
ഉഴറിയോടുന്ന കുരുന്നുകാലുകള്‍
വരണമാല്യത്തിന് കുനിഞ്ഞുനില്‍ക്കുന്ന ശിരസ്സ്
കളിക്കൂട്ടങ്ങളുടെ സമാഗമങ്ങൾ
ഗൂഡമായ പ്രണയ വേളകൾ

ഓര്‍മസ്തംഭങ്ങള്‍പോലെ

കാൽമുട്ടിൽ മുഖംവെച്ച്
കണ്ണുകള്‍ പുറത്തേക്ക്‌ തുറന്ന്
അകത്തേക്ക് നോക്കിയിരിക്കുന്ന ചിലരുണ്ടാവും

ആരും ഒന്നും ഉരിയാടിയില്ലെങ്കിലും
മന്ദ്രസ്ഥായിലുള്ള മഴപോലെ
ഓർമ്മകൾ പെയ്തുകൊണ്ടിരിക്കും

അകമ്പടിക്ക് വാദ്യങ്ങളൊന്നും ഉണ്ടായിക്കൊള്ളണമെന്നില്ല
നെടുവീർപ്പുകളോ കരച്ചിലോ ഒക്കെ തരംപോലെ ആവാം

ദീര്‍ഘമായ വീർപ്പുകൾക്കൊടുവിൽ
നിലവിളികളുടെ പെരുക്കത്തില്‍
ഓര്‍മകളുടെ തിരശശീല വകഞ്ഞുമാറ്റി
കാണികള്‍ക്കിടയിലൂടെ തിരശ്ചീനമായി ഒരു സഞ്ചാരമുണ്ട്
മിഴിനോട്ടങ്ങളുടെ കളിത്തട്ടിലൂടെ
നിലം തൊടാതെ

പിന്നെ വിശ്രമം

Saleel M M

My mind, lost in a nostalgic introspection, is a kaleidoscope. The succession of changing figures, scenes and phases is my past and myself. Peeping down it, I find a child following the butterflies and birdcalls in the verdure dreamscapes.

Leave a Reply

Your email address will not be published. Required fields are marked *