കുന്നുകളിൽ പോകണം രാപ്പാർക്കാൻ
അവിടെയാകുമ്പോൾ
നിലാവ് വിശ്രമിക്കാൻ വരുന്ന യാമങ്ങളുണ്ട്
സ്നേഹത്തോടെ കണ്ണിറുക്കി ചിരിക്കുന്ന നക്ഷത്രങ്ങളോട്
കളി പറഞ്ഞിരിക്കാം
സഞ്ചാരങ്ങളൊക്കെ അവസാനിപ്പിച്ച്
സുമഗന്ധങ്ങളുമായി കാറ്റും വരും കൂട്ടിന്
ഇരുൾ മയങ്ങാൻ കാത്തു നിൽക്കരുത്
സായന്തനം ചുട്ടി കുത്തി
കളിവിളക്കിന്റെ ചാരത്ത് ലാസ്യ ഭാവത്തിൽ
ഒരു പ്രപഞ്ച നടനത്തിനോരുങ്ങുമ്പോഴേക്കും എത്തണം
നിറങ്ങളുടെ വിസ്മയം ഹൃദയത്തിൽ വരച്ചിടാൻ
ഡാവിഞ്ചിയാകണമെന്നൊന്നുമില്ല
അസ്തമയം കാണുന്ന കണ്ണുകൾ മതിയാവും
ചായക്കൂട്ടുകളുടെ അപാരതയിൽ നീരാടാനുള്ള മനസ്സും വേണം
അങ്ങിനെയിരിക്കുമ്പോൾ നടക്കാനിറങ്ങുന്ന ചന്ദ്രനെത്തും
വന്ദനം ചൊല്ലി കുശലം പറയാം
ചക്രവാളം വരച്ചിട്ട പളുങ്ക് കടലിൻറെ വിസ്തൃതിയിൽ
അങ്ങിനെ കിടക്കാം
പിൻവിളികളൊന്നും ഇല്ലെങ്കിൽ
നക്ഷത്രരശ്മികളുടെ വിരൽതുമ്പിൽ പിടിച്ച്
താരാപഥങ്ങളുടെ വിഹായസ്സിലേക്ക് കയറി പോകാം
എന്നിട്ട് അറുതികളില്ലാത്ത കാലത്തിൽ
അങ്ങിനെ ഉഴറി നടക്കണം
2 Comments for “പ്രണയം”
Ashif
says:പിന്നാക്കത്തിലൂടെ വരുന്ന പ്രണയകറ്റു വന്നു കുളിരുകോരിപോകുബോൾ എന്താസുഗം അതൊന്ന് വേറെയാണ്.. അത് അറിയണമെങ്കിൽ സ്നേഹം എന്താണെന്ന് അറിയണം . ഈ വരികളിൽ വ്യക്തമാകുന്ന കാഴ്ചപ്പാടാണ് എനിക്ക് ഇതിൽ നിന്നും മനസ്സിൽ ആകാൻ കഴിയുന്നത്
Bini
says:മനോഹരം