ഉപേക്ഷിക്കപ്പെട്ട കിണറുകള്‍
ആള്‍പ്പെരുമാറ്റം ഇല്ലാത്തതുകൊണ്ട് കാടുമൂടിക്കിടക്കുകയാണ്
പാമ്പും പഴുതാരയുമൊക്കെയാണ് ഇപ്പോള്‍ പതിവുകാര്
അല്ലെങ്കില്‍ത്തന്നെ സ്വിച്ചിട്ടുകളിക്കുന്ന ഈ കാലത്ത്
കയറും തൊട്ടിയുമൊക്കെയായി ആരു വരാന്‍
എന്നാലുമുണ്ട് അസമയങ്ങളില്‍ ചില പെരുമാറ്റമൊക്കെ
പഴയ സന്ദര്‍ശകര്‍ വന്നുകൂടുന്നതാണ്
ജീവിതത്തിന്റെ മറുകരയിലെ വിശേഷങ്ങള്‍ പങ്കിടാന്‍
ആള്മറമേലിരുന്ന് കഥകള്‍ പറഞ്ഞവര്‍
തീരാതെ ബാക്കിവെച്ചത് മുഴുമിക്കാനായി വന്നു കൂടുന്നതാണ്
ഇരുള് പരക്കുകയും നിലാവുദിക്കുകയും ചെയ്യുമ്പോഴാണ് സമാഗമനങ്ങള്‍
അടക്കിപ്പിടിച്ച വര്‍ത്തമാനങ്ങളും കുശുകുശുപ്പുകളും കേള്‍ക്കാം
ശല്ല്യപ്പെടുത്താന്‍ പോകാതിരുന്നാല്‍ മതി
കഥാവശേഷനായ കിണറിന്റെ ആത്മാവും കൂടും കഥകള്‍ അയവിറക്കാന്‍
ഇടയ്ക്കിടെ ആഴങ്ങളില്‍നിന്നും ഒരു രോദനം ഉയര്‍ന്നുവരും
ഭൂമിക്കടിയിലേക്ക് ആണ്ടുപോയ ഉറവകളുടെ വിലാപമാണ്
1 Comment for “ഉപേക്ഷിക്കപ്പെട്ട കിണറുകള്‍”
Sunisha
says:Nice sir ….expecting the unexplored things ….